2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

സുന്ദരി , പാലങ്ങളുടെ സിറ്റി!.

കഴിഞ്ഞ ജൂണ്‍ പതിന്നാലിനാണു ഞാന്‍ കമ്പനിയുടെ ഒരു onsite ജോലിയുടെ ഭാഗമായി പിറ്റ്സ്ബര്‍ഗിലെത്തിയത്. ഇതിനു മുന്‍പ് കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടാഴ്ച ആദ്യമായി ഇവിടെ വന്നുവെങ്കിലും സിറ്റിയില്‍ കൂടുതല്‍ കറങ്ങുവാന്‍ പറ്റിയില്ല.കഴിഞ്ഞ ഒന്നര മാസം കൊണ്ടു ഞാന്‍ ആ പരാതി പരിഹരിച്ചു.ബൂര്‍ഷ്വ സാമ്രാജ്യത്ത്വത്തിന്റെ കൊട്ടകയായ അമേരിക്കയിലെ(ഞാന്‍ ഒരു സാമ്രാജ്യത്ത്വ, ഫാസിസ്റ്റ് ,മുതലാളിത്ത വിരുധ മലയാളിയാണു!. ... ) അന്‍പത് സ്റ്റേറ്റുകളില്‍ ഒന്നായ പെനിസിലവാനിയയിലെ രണ്ടാമത്തെ വലിയ സിറ്റിയാണു പിറ്റ്സ്ബര്‍ഗ്. ത്രികോണകൃതിയിലുള്ള ഈ സിറ്റി മോണൊഗല ,അലിഗനി നദികള്‍ കൂടിച്ചേര്‍ന്ന് ഒഹിയോ നദി രൂപമെടുക്കുന്നതിന്റെ ഇടയിലാണ് കിടക്കുന്നത്.ഒരു വശം പരന്ന പ്രദേശവും മറുഭാഗം മലകളും.ആദ്യ നോട്ടത്തില്‍ തന്നെ എനിക്കിഷ്ട്ടപ്പെട്ടു ഈ സുന്ദരിയെ!.നദികളില്‍ എപ്പൊഴും സമൃധമായ വെള്ളം.അടുത്തുള്ള വാഷിങ്ടണ്‍ മലയില്‍ നിന്ന് എടുത്തതാണ് ആദ്യത്തെ ചിത്രം. ഒരു കാലത്ത് സ്റ്റീല്‍ സിറ്റിയെന്നു അറിയപ്പെട്ടിരുന്ന ഈ നഗരം അമെരിക്കയിലെ സ്റ്റീല്‍ വ്യവസായങ്ങളുടെ കേന്ദ്ര സ്ഥാനമായിരുന്നു. 64 നിലകളുള്ള ഇരുമ്പ് തൂണുകളില്‍ ഉയര്‍ത്തപ്പെട്ട US സ്റ്റീല്‍ ടവറാണ് ഈ നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. 1970കള്‍ വരെ സ്റ്റീല്‍ ഫര്‍ണസുകളില്‍ നിന്നുള്ള മലിനീകരണം മൂലം പുകമഞ്ഞ് മൂടിക്കിടന്നിരുന്ന നഗരത്തിന്റെ തെളിഞ്ഞ, അമേരിക്കയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായുള്ള മാറ്റം എല്ലാവര്‍ക്കും ഒരു പാഠമാണ് . മരിച്ചു പോകുന്ന നദികളെക്കുരിച്ചും,ഇല്ലതാകുന്ന പച്ചപ്പിനെക്കുറിച്ചും എന്നും വിലപിച്ചും,പ്രതിഷേധിച്ചും നേരം കളയുന്ന നാം അതിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ?. പ്രസംഗിച്ചു മാത്രം നടക്കുന്ന നമ്മള്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നു പഠിക്കേണ്ട ഒരു പാഠം. ഇന്ന് പിറ്റ്സ്ബര്‍ഗ് വിദ്യാഭ്യാസം(പിറ്റ്സ്ബര്‍ഗ്, കാര്‍ണഗി മെല്ലണ്‍ യൂണിവേര്‍സിറ്റികള്‍),ആരോഗ്യസ്ഥാപനങ്ങള്‍,ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ സിറ്റിയാണ്. 446 പാലങ്ങളുള്ളതിനാല്‍ പാലങ്ങളുടെ സിറ്റി എന്നറിയപ്പെടുന്നു. പിറ്റ്സ്ബര്‍ഗിന്റെ ചില ദൃശ്യങ്ങള്‍ എന്റെ ക്യാമറയില്‍!.

വാഷിങ്ടണ്‍ മലയില്‍ നിന്നുള്ള പൂര്‍ണ്ണ ദൃശ്യം

പിറ്റ്സ്ബര്‍ഗ് നിശാവസ്ത്രത്തില്‍!

പാലങ്ങള്‍ക്കിടയിലൂടെ ഒരു ദൃശ്യം.

കാര്‍ണഗി സയന്‍സ് സെന്റ്ററും സമീപ പ്രദേശങ്ങളും.

പോയ്ന്റ് സ്റ്റേറ്റ് പാര്‍ക്ക്.ജലധാര നദികളുടെ സംഗമസ്ഥാന്ത്താണ്.

2009, ജൂൺ 28, ഞായറാഴ്‌ച

വാക്കുകളെ പുനര്‍ജ്ജനിപ്പിക്കുന്ന മഷിത്തണ്ട്

ഒരു ഓണ്‍ലൈന്‍ മലയാളം നിഘണ്ടുവിനായി ഞാന്‍ തിരഞ്ഞു നിരാശപ്പെട്ടിട്ടുണ്ട് പലപ്പോഴും. ഓര്‍മ്മയില്‍ നിന്നു ചികഞ്ഞെടുത്ത ഒരു വാക്കിനെ അര്‍ത്ഥം ഉറപ്പിക്കാനാകാതെ മായ്ച്ചു കളയാന്‍ തുടങ്ങുംബോഴാണ് ആ മഷിത്തണ്ട് മുന്നില്‍ വന്നു വീഴുന്നത്. അങ്ങനെ അതു ആദ്യമായി അക്ഷരങ്ങളെ പുനര്‍ജനിപ്പിച്ച മഷിത്തണ്ടായി. ഇങ്ഗ്ലീഷില്‍ നിന്നു മലയാളത്തിലേക്കും തിരിച്ചും നിങ്ങള്‍ക്ക് അക്ഷരങ്ങള്‍ തിരയാം .58000 ല്പരം മലയാളം വാക്കുകള്‍ ലഭ്യമാക്കിയിരിക്കുന്നു. വളരെ ലളിതമായ സെര്‍ച്ച് പേജ്.മലയാളം കീബോര്‍ഡ്. ഉദ്ദേശിച്ച പദം ലഭ്യമല്ലെങ്കില്‍ സാമ്യമുള്ള പദങ്ങള്‍ ലഭ്യമാക്കുന്നു. എളുപ്പം ഉപയോഗിക്കാന്‍ സേര്‍ച്ച് റ്റൂള്‍ബാര്‍.ഇങ്ങനെ ഒരുപാട് സേവനങ്ങള്‍ മഷിത്തണ്ടു ലഭ്യമാക്കുന്നു. ത്രിശ്ശൂരുകാരായ ഒരു കൂട്ടം യുവ എഞ്ജിനീയര്‍മാരുടെ ഈ പ്രയത്നം അഭിനന്ദനമര്‍ഹിക്കുന്നു.ഞാന്‍ മഷിത്തണ്ട് എന്റെ ബ്ലോഗിന്റെ ഇടതു മൂലയില്‍ വച്ചിരിക്കുന്നു.അക്ഷരങ്ങളെ മായ്ക്കാനല്ല, വല്ലപ്പോഴും തിരിച്ചു വിളിക്കാന്‍.

2009, ജൂൺ 5, വെള്ളിയാഴ്‌ച

പക്ഷി കേഴുന്നു! മാ നിഷാദാ....

തലതല്ലി വീണ
ഒരുമരച്ചില്ലയില്‍ നിന്ന്
ഭ്രൂണഹത്യയ്ക്ക്
സാക്ഷിയാകാനാകാതെ
തള്ളപ്പക്ഷി പറന്നു പോയി.

ശേഷം ദോലനം!
ആകാശത്തിന്‍ കുറുകെ
നീണ്ടൊരാലില്
‍സ്വന്തം ചിറകു കൊരുത്ത്.

വരണ്ട നീര്‍ച്ചാലില്‍
ഒരു കൊക്കു മാത്രം
ഒരു തുള്ളിക്കായി
കാത്തു കിടക്കുന്നു.

തൂവലുരിഞ്ഞെറിഞ്ഞ ദേഹം
പുതിയ ആടകളില്‍
തൃഷ്ണ തീരാത്തൊരുദരത്തിനായി
ഊഴവും കാത്തു കിടക്കുന്നു.

നിര്‍ത്താതെ ചിനയ്ക്കുന്ന
കുഞ്ഞു കൊക്കില്‍
അമ്മക്കിളി
വിഷച്ചോറു തിരുകുന്നു.

നീലിച്ചു നാറിയ
ഒരു ശവത്തുണ്ടിനായി
കഴുകന്‍മാര്‍
തമ്മില്‍ കൊത്തിക്കൊല്ലുന്നു.

അനുബന്ധം :ലോകപരിസ്ഥിതി ദിനത്തില്‍ കൂടു നഷ്ടപ്പെടുന്ന കൊച്ചുപറവകള്‍ക്ക്

2009, മേയ് 22, വെള്ളിയാഴ്‌ച

എന്റെ പ്രണയിനിക്കു വട്ടാണ്.

എന്റെ പ്രണയിനി...
നിന്നോടു ഞാന്‍ തോറ്റു.

ഒരു ദിവസം
കൊച്ചു കുട്ടിപോല്‍
കളിച്ചും ചിരിച്ചു
പിന്നെ വിതുമ്പലായ്
നിര്‍ത്താതെ കരച്ചിലായ്
നേര്‍ത്ത തേങ്ങലായ്
പിന്നെയുറക്കമായ്.

ഒരു നാള്‍ രാവിലെ
തുടങ്ങിയ രോദനം
രാവേറെയും നീണ്ടു.
ഉറങ്ങാതെ
പിച്ചും പേയും പറഞ്ഞ്.

പിന്നൊരു ദിനം
രാവിലെ കുളിച്ചു കുറിതൊട്ടു
ദീപം കൊളുത്തി
മുടിക്കെട്ടില്‍
പൂക്കള്‍ തിരുകി
കാതിലടക്കം പറഞ്ഞു
മുത്തം വച്ചു.

പിന്നെ പെട്ടെന്ന്
മുഖം വാടിക്കറുത്തു.
പിടന്നെഴുന്നേറ്റട്ടഹാസം
കണ്മുനകള്‍ തീപാറി
മുടിയഴിച്ചാടി തിമിര്‍ത്തു
തളര്‍ന്നു വീണു.

ഞാന്‍ കാവല്‍ നില്‍ക്കുന്നു
അവളുണരുന്നതും കാത്ത്.

2009, മേയ് 17, ഞായറാഴ്‌ച

ഭാരതീയ സംഗീതത്തെക്കുറിച്ചറിയൂ

വെറുതെ youtube ല്‍ തിരയുന്നതിനിടയില്‍ കണ്ണില്പ്പെട്ട ഒരു വീഡിയോ.ചിലര്‍ക്കെങ്കിലും വിജ്ഞാനപ്രദമായി തോന്നുമെന്നു വച്ചു പോസ്റ്റുന്നു.

2009, മേയ് 16, ശനിയാഴ്‌ച

2009 ലോകസഭ തിരഞ്ഞെടുപ്പ് ഫലം. അവലോകനം.

ചിന്താശീലന്‍ കാണുന്ന ചില സൂചനകള്‍.  

1) പ്രാദേശിക പാര്‍ട്ടികള്‍ക്കും അതുവഴി അവരുടെ സങ്കുചിത ,സമ്മര്‍ദ്ദരാഷ്ട്രീയതിനുമേറ്റ തിരിച്ചടി.
2) ജാതി,മത ,വര്‍ഗ്ഗീയ വോട്ടുബാങ്ക് രാഷ്ട്രീയത്തിനേറ്റ തിരിച്ചടി. 3)ജനാധിപത്യവിരുധവും,കാഡര്‍ രാഷ്ട്രീയത്തിലൂന്നിയതും വികസനവിരുധവുമായ ഇടതു നിലപാടുകള്‍ക്കേറ്റ തിരിച്ചടി.
4)സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ ശക്തിപ്പെടല്‍.
5)വിവേകപൂര്‍വ്വം വോട്ടുചെയ്യാന്‍ ജനങ്ങള്‍ ബോധവാന്‍മാരാകുന്നതിന്റെ സൂചനകള്‍.
6)മിക്കവാറും വികസനമാണു മുഖ്യമെന്ന ജനങ്ങളുടെ തിരിച്ചറിവു.  
 
ചിന്താശീലന്‍ ഇതു ശുഭസൂചനകളായി കാണുന്നു.സങ്കുചിത മത,ജാതീയ,പ്രാദേശിക താത്പര്യങ്ങള്‍ക്കും ,കാലഘ്ട്ടത്തിനു യോജിക്കാത്ത വരട്ടു തത്വവാദങ്ങള്‍ക്കുമപ്പുറമായി ദേശീയമായും ,യാദാര്‍ഥ്യബോധത്തോടെയും വിധി നിര്‍ണ്ണയിക്കാന്‍ ഇന്‍ഡ്യന്‍ ജനത പ്രാപ്തരാകും എന്ന ശുഭപ്രതീക്ഷയാണു എനിക്കുള്ളത്.

2009, മേയ് 10, ഞായറാഴ്‌ച

പെണ്ണു കാണണം.

പെണ്ണു കാണുമോ?
കാണുമായിരിക്കും...

കണ്ടില്ലെങ്കില്‍ ? 
ആ,കാണുമായിരിക്കും..

കാണാന്‍ പോയി.കണ്ടുവോ ?
കണ്ടിരുന്നു...
 
എന്നിട്ടെന്തായി? 
ഓ, അതു കണ്ടു വന്നു.

പിന്നെ വേറെ ,പെണ്ണു കാണുമോ? 
കാണുമായിരിക്കും..
 
കാണണം..
അതെ കാണണം..

അനുബന്ഥം:
ദ്വയാര്‍ഥങ്ങള്‍ കൊണ്ട് ഒരു ചെറിയ കസര്‍ത്ത്. ഇത്തിരി വട്ടെന്നു കൂട്ടിക്കോളൂ.ക്ഷമിക്കുക.