2009, ജൂൺ 28, ഞായറാഴ്‌ച

വാക്കുകളെ പുനര്‍ജ്ജനിപ്പിക്കുന്ന മഷിത്തണ്ട്

ഒരു ഓണ്‍ലൈന്‍ മലയാളം നിഘണ്ടുവിനായി ഞാന്‍ തിരഞ്ഞു നിരാശപ്പെട്ടിട്ടുണ്ട് പലപ്പോഴും. ഓര്‍മ്മയില്‍ നിന്നു ചികഞ്ഞെടുത്ത ഒരു വാക്കിനെ അര്‍ത്ഥം ഉറപ്പിക്കാനാകാതെ മായ്ച്ചു കളയാന്‍ തുടങ്ങുംബോഴാണ് ആ മഷിത്തണ്ട് മുന്നില്‍ വന്നു വീഴുന്നത്. അങ്ങനെ അതു ആദ്യമായി അക്ഷരങ്ങളെ പുനര്‍ജനിപ്പിച്ച മഷിത്തണ്ടായി. ഇങ്ഗ്ലീഷില്‍ നിന്നു മലയാളത്തിലേക്കും തിരിച്ചും നിങ്ങള്‍ക്ക് അക്ഷരങ്ങള്‍ തിരയാം .58000 ല്പരം മലയാളം വാക്കുകള്‍ ലഭ്യമാക്കിയിരിക്കുന്നു. വളരെ ലളിതമായ സെര്‍ച്ച് പേജ്.മലയാളം കീബോര്‍ഡ്. ഉദ്ദേശിച്ച പദം ലഭ്യമല്ലെങ്കില്‍ സാമ്യമുള്ള പദങ്ങള്‍ ലഭ്യമാക്കുന്നു. എളുപ്പം ഉപയോഗിക്കാന്‍ സേര്‍ച്ച് റ്റൂള്‍ബാര്‍.ഇങ്ങനെ ഒരുപാട് സേവനങ്ങള്‍ മഷിത്തണ്ടു ലഭ്യമാക്കുന്നു. ത്രിശ്ശൂരുകാരായ ഒരു കൂട്ടം യുവ എഞ്ജിനീയര്‍മാരുടെ ഈ പ്രയത്നം അഭിനന്ദനമര്‍ഹിക്കുന്നു.ഞാന്‍ മഷിത്തണ്ട് എന്റെ ബ്ലോഗിന്റെ ഇടതു മൂലയില്‍ വച്ചിരിക്കുന്നു.അക്ഷരങ്ങളെ മായ്ക്കാനല്ല, വല്ലപ്പോഴും തിരിച്ചു വിളിക്കാന്‍.

2009, ജൂൺ 5, വെള്ളിയാഴ്‌ച

പക്ഷി കേഴുന്നു! മാ നിഷാദാ....

തലതല്ലി വീണ
ഒരുമരച്ചില്ലയില്‍ നിന്ന്
ഭ്രൂണഹത്യയ്ക്ക്
സാക്ഷിയാകാനാകാതെ
തള്ളപ്പക്ഷി പറന്നു പോയി.

ശേഷം ദോലനം!
ആകാശത്തിന്‍ കുറുകെ
നീണ്ടൊരാലില്
‍സ്വന്തം ചിറകു കൊരുത്ത്.

വരണ്ട നീര്‍ച്ചാലില്‍
ഒരു കൊക്കു മാത്രം
ഒരു തുള്ളിക്കായി
കാത്തു കിടക്കുന്നു.

തൂവലുരിഞ്ഞെറിഞ്ഞ ദേഹം
പുതിയ ആടകളില്‍
തൃഷ്ണ തീരാത്തൊരുദരത്തിനായി
ഊഴവും കാത്തു കിടക്കുന്നു.

നിര്‍ത്താതെ ചിനയ്ക്കുന്ന
കുഞ്ഞു കൊക്കില്‍
അമ്മക്കിളി
വിഷച്ചോറു തിരുകുന്നു.

നീലിച്ചു നാറിയ
ഒരു ശവത്തുണ്ടിനായി
കഴുകന്‍മാര്‍
തമ്മില്‍ കൊത്തിക്കൊല്ലുന്നു.

അനുബന്ധം :ലോകപരിസ്ഥിതി ദിനത്തില്‍ കൂടു നഷ്ടപ്പെടുന്ന കൊച്ചുപറവകള്‍ക്ക്